കോവിഡ് പശ്ചാത്തലത്തിൽ നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.
- ആദ്യഘട്ടത്തിൽ ക്ളാസുകൾ രാവിലെ ക്രമീകരിക്കും.
- കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല.
- ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല എന്നാണ് തീരുമാനം.
- എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തിരിക്കണം.
- സ്‌കൂൾതല ഹെൽപ്പ്‌ലൈൻ ഏർപ്പെടുത്തും.
- അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് ഇറക്കും.
- സ്‌കൂൾ തലത്തിൽ സ്റ്റാഫ് കൗൺസിൽ യോഗം, പി.റ്റി.എ. യോഗം, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ലാ, പഞ്ചായത്ത് തലങ്ങളിൽ മുന്നൊരുക്ക യോഗങ്ങൾ എന്നിവ ചേരും.
- ജില്ലാതലത്തിൽ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തും.
- ക്ലാസുകൾക്ക് നൽകുന്ന ഇന്റർവെൽ സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾ വിടുന്ന സമയം, എന്നിവയിൽ വ്യത്യാസം വരുത്തി കൂട്ടം ചേരൽ ഒഴിവാക്കും.
- പ്രവൃത്തിദിനങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളിൽ ഹാജരാകണം.
- സ്‌കൂളിൽ നേരിട്ട് എത്താൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരും.
- സ്‌കൂളുകളിൽ രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കുകയും ചെയ്യും.