തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ജില്ലക്കകത്തുള്ള സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ ജൂലൈ 29ന് ക്ഷണിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അഡ്മിഷനു ശേഷമുള്ള മെറിറ്റ് ക്വാട്ടയിലെ ഒഴിവ്, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ 2023 ജൂലൈ 26ന് വൈകിട്ട് 5 മണിവരെയുള്ള പ്രവേശനത്തിനു ശേഷമുള്ള ഒഴിവുകൾ എന്നിവയോടൊപ്പം താൽക്കാലികമായി സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ അനുവദിക്കുന്ന 97 ബാച്ചുകളുടെ സീറ്റുകളും കൂടി ഉൾപ്പെടുത്തിയാണ് സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കുക. ഇതിൽ അവസരം ലഭിക്കാത്തവർക്കായി അടുത്തതായി അവസാന അലോട്ട്മെന്റ് കൂടി ഉണ്ടാകും. മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ആകെ 97 ബാച്ചുകൾ താൽക്കാലികമായി അനുവദിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ ഈ വർഷം നേരത്തെ അനുവദിച്ച പതിനാല് ബാച്ചുകൾ കൂടി കൂട്ടുമ്പോൾ മൊത്തം അനുവദിച്ച താൽക്കാലിക ബാച്ചുകളുടെ എണ്ണം 111 ആകുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് 4, കോഴിക്കോട് 11, മലപ്പുറം 53, വയനാട് 4, കണ്ണൂർ 10, കാസർഗോഡ് 15 എന്നിങ്ങനെയാണ് അധികമായി ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്.