തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ ചൂരല്‍ വടി കൊണ്ട് മര്‍ദ്ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. പൊതുവിദ്യാഭ്യാസ മന്ത്രിയായ വി.ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരമായിരുന്നു അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറായ ഷാനവാസിനോട് ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിക്കാന്‍ അവകാശം ഇല്ലെന്നും അധ്യാപകന്‍ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും, ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന അധ്യാപകര്‍ക്ക് നേരെ ശക്തമായി നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.പൊലിസ് രേഖകളും എ.ഇ.ഒയുടെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചത്.
ഇടയാറമ്മുറയിലെ എരുമക്കാട് എല്‍.പി സ്‌കൂളിലെ അധ്യാപകനായ മെഴുവേലി സ്വദേശി ബിനോജ് കുമാര്‍ എന്ന അധ്യാപകനാണ് കുട്ടിയെ ചൂരലിനടിച്ചത്. വീട്ടിലെത്തിയ കുട്ടി വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് എന്നിവ പ്രകാരം കേസെടുത്തത്.